Skip to main content

ഓർമയിലെ ഉത്രാളി - Ravisankar R Warrier

ഉത്രാളി ........


ഒരു തെക്കന് ഏറ്റവും കൂടുതൽ നഷ്ട്ടപ്പെടുന്ന 2 കാര്യങ്ങൾ ആണ്. പഴയകാല ഉത്സവങ്ങൾ, കലകളോടുള്ള ദൈർഘ്യം.
അത് കൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ അത് ഇഷ്ട്ടപെടുന്നവർ ഇതൊക്കെ ആസ്വദിക്കുവാനായി വടക്കൻ കേരളത്തിലേക്ക് വണ്ടി കേറും. അത് അവന്റെ കാഴ്ചപ്പാടിന്റെ കുറ്റമല്ല.അവന്റെ നാടിന്റെ കുറ്റമാണ്.
അങ്ങനെ ആദ്യമായി ഉത്രാളിയിലേക്ക് പൂരം കാണാൻ എക്സാമിനു
പോകുവാണെന്നു നുണ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന 3 ചെറുപ്പക്കാരുടെ അനുഭവം ആണ് ഇത്.

കൃത്യമായി കണക്കുകളോ കണക്കു കൂട്ടലുകളോ ഇല്ലാതെ ഉത്രാളി എന്താണെന്നോ  എവിടെയാണെന്നോ
കൃത്യമായി അറിയാതെ ആണ് അവർ യാത്ര തുടങ്ങുന്നത്. ആകെ സമൂഹമാധ്യമത്തിലൂടെ ഉത്രാളി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പ് അഡ്മിനിൽ നിന്ന് വടക്കാഞ്ചേരിയിൽ ആണ് ഈ ദേശം എന്ന് മാത്രം ഒരു അറിവ് കിട്ടി . എന്നാൽ എപ്പോ ഇറങ്ങണമെന്നോ എവിടെ തങ്ങണമെന്നോ യാതൊരു നിശ്ചയം  ഉണ്ടായിരുന്നില്ല. പക്ഷെ ശെരിക്കും പൂരത്തിന് തലേന്ന് ഞങ്ങൾക്ക് ആർമി സമ്പദ്ധമായ ആയ ഒരു  എക്സാം ഉണ്ടായിരുന്നു . അതു എഴുതാൻ ബൈക്കിലാണ് ഞങ്ങളുടെ നാടായ പാവുമ്പയിൽ നിന്ന് തിരിച്ചത്. തിരുവനന്തപുരത്താണ് എക്സാം. വീട്ടീന്ന് ഏകദേശം 110km ഉണ്ടായിരുന്നു എക്സാം സെൻററിലേക്ക്‌ . അവിടെ എക്സാം അറ്റൻഡ് ചെയ്തു വൈകുന്നേരം ആയപ്പോഴേക്കും ഞങ്ങൾ തിരിച്ചു ഏകദേശം 140km സഞ്ചരിച്ചു ഞങ്ങളുടെ അടുത്ത സ്റ്റേഷൻ ആയ കായംകുളത്തു എത്തി. ഏകദേശം രാത്രി 10.45 ഓടെ ട്രെയിൻ ഓടിയെത്തി. ജനറൽ ടിക്കറ്റ് ആയത് കൊണ്ട് സീറ്റ് കിട്ടിയിരുന്നില്ല. വാതിലിന്റെ അടുത്ത് പോയാണ് ഇരുന്നത് . ഒരു ദിവസം മുഴുവൻ യാത്ര നടത്തിയ ക്ഷീണം ഞങ്ങളെ ആകെ തളർത്തിയിരുന്നു. എന്നാലും ഉത്രാളി എന്നത് ഒരു ആകാംഷയായി മുന്നിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ നിമിഷവും അവസാനിക്കട്ടെ എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു . ട്രെയിൻ വേഗത്തിൽ ഓടാൻ പ്രാർത്ഥിച്ചു. ഒരു ശരാശരി തെക്കൻ ജില്ലക്കാരൻ ആയ പൂരപ്രേമിക്ക് കോട്ടയം കഴിഞ്ഞാൽ ഉള്ളത് വല്ലാത്ത ഒരു മനസുഖം ആണ്. ആ സുഖം നല്ല തണുത്ത കാറ്റായി ഞങ്ങളുടെ മുഖത്തു വന്നു അടിച്ചുകൊണ്ടേ ഇരുന്നു. ചാർജ്കളയാൻ ഞങ്ങളുടെ ഫോൺ ഞങ്ങൾ അനുവദിച്ചിരുന്നില്ല. കാരണം ഒട്ടും പരിചയം ഇല്ലാത്ത ഒരിടം. ഫോൺ ചാർജ് തീർന്നാൽ പെടൽ ആണ് അവസ്ഥ എന്നത് മുൻകൂട്ടി കണ്ടിരുന്നു. തൃശൂർ കഴിഞ്ഞു ഏതാനും നിമിഷങ്ങൾക്കുള്ളിൽ വടക്കാഞ്ചേരി എത്തുമെന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ഒരു സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു. വടക്കാഞ്ചേരി ഇറങ്ങിയാൽ ഉടൻ പല്ല് തേച്ചു ഒരു ചായ കുടിച്ചിട്ട് അമ്പലം പിടിക്കാം എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. അതു ഞങ്ങൾ നടപ്പിലാക്കാൻ തന്നെ തീരുമാനിച്ചു.എന്നാൽ യാത്ര ക്ഷീണം ഞങ്ങളെ പിന്നെയും പിന്നെയും അലട്ടുകയായിരുന്നു.വടക്കാഞ്ചേരി എത്തിയപ്പോഴേക്കും സമയം ഏകദേശം 2.40 ഓളം ആയിട്ടുണ്ടാകും. അതൊക്കെ ഓർക്കുമ്പോഴേ രോമാഞ്ചം ആണ്. ആരെങ്കിലും ഇതൊക്കെ അറിയുന്നുണ്ടോ നമ്മൾ ഈ അനുഭവിക്കുന്നതൊക്കെ. സംഭവം ഇത്തിരി "ഡാർക്ക്‌ മോഡ് " ആണെങ്കിലും ഞങ്ങൾ അതിൽ ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അഭിമാനിച്ചിരുന്നു.  ആ സ്റ്റേഷൻ  മുഴുവൻ അവൻ കീഴടക്കിയ മട്ടായിരുന്നു ഞങ്ങൾ മൂവർക്കും. പറഞ്ഞപോലെ തന്നെ സ്റ്റേഷനകത്തു തീരുമാനിച്ചതൊക്കെ നടന്നു. ചായ കുടിച്ചാൽ ഉടൻ പ്രഭാത കർമങ്ങളിൽ ഏർപ്പെടേണ്ടി വരുമോ എന്നതും ഞങ്ങളെ ഭീതിയിൽ ആക്കിയിരുന്നു. വടക്കാഞ്ചേരി  വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സ്റ്റേഷൻ ആയിരുന്നു. എന്നാലും വൈബ്... ഹമ്പോ.... ഇപ്പഴും ലെവൽ..... അവർ ഇപ്പഴും അതെ ഭംഗി നിലനിർത്തുന്നുണ്ട് എന്നത് മറ്റൊരു ആശ്വാസം. മാപ് സർച്ച് ചെയ്തപ്പോൾ സ്റ്റേഷൻ - ഉത്രാളിക്കാവ് ടെമ്പിൾ 5.6km എന്നോ മറ്റോ കാണിച്ചു. മാപ് നോക്കി പോയാൽ നമ്മൾ നടക്കില്ല എന്ന് മനസിലാക്കി കൊണ്ട് വഴി മാത്രം നോക്കി ഞങ്ങൾ സ്റ്റേഷനിൽനിന്ന് നടത്തം തുടങ്ങി. ആദ്യമായിട്ട് വന്ന ഞങ്ങൾക്ക് അതൊരു വലിയ കടമ്പ തന്നെ ആയിരുന്നു. ഒരുപാട് ആവേശത്തിൽ എടുത്ത് ചാടിയതാ .... ഇനി പിന്നോട്ടില്ല ....അങ്ങനെ നടന്നു. സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ  ഏകദേശം 3.10 ആയി കാണണം. ഒരു പാലം കേറിഇറങ്ങി. വടക്കാഞ്ചേരി ടൗൺ, പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വടക്കാഞ്ചേരിദേശത്തിന്റെ അലങ്കാര പന്തൽ അങ്ങനെ എന്തൊക്കെയോ കടന്നു ഞങ്ങൾ മുന്നോട്ട് തന്നെ നടന്നു. അലങ്കാരങ്ങളുടെ മാറ്റ് കൂടുന്നത് കണ്ട് ഞങ്ങൾ ഒന്ന് ഉറപ്പിച്ചിരുന്നു.നമ്മൾ കാത്തിരുന്ന ആ സ്വർഗഭൂമിക്ക് അടുക്കൽ എത്താറായി.ആദ്യമൊക്കെ നടക്കാൻ മടിച്ച ഞങ്ങൾ എത്താറായപ്പോൾ വേഗത കൂടി.ഏകദേശം 4.15  ഒക്കെ ആയപ്പോൾ വലിയ ഒരു വെട്ടം കണ്ടു. പിന്നെ അതിനെ ലക്ഷ്യം വെച്ചായിരുന്നു നടത്തം. റോഡിൽ എങ്ങും ഒരൊറ്റ മനുഷ്യ കുഞ്ഞില്ലാ. ആകെ ഒരു രസം തോന്നിയത് തങ്ങളുടെ സ്ഥലം കൈയടക്കാൻ ശ്രമിച്ചതിന് പട്ടികൾ ഓടിച്ചതാണ്. അങ്ങനെ ഏകദേശം ഞങ്ങൾ ലക്ഷ്യത്തിൽ എത്തി.

കുറെ കടകളുടെ നടുവിലൂടെ വെട്ടമില്ലാത്ത ആ മുക്കിലൂടെ ഞങ്ങൾ  സ്വപ്നം  കണ്ടിരുന്നു തട്ടക ദേശത്തിന്റെ ഐശ്വര്യമായ ഉത്രാളികാവിലമ്മയുടെ മണ്ണിൽ ....... വീഡിയോയിലൂടെ കാണുന്ന പോലെ അല്ല. ആ പോസിറ്റീവ് വൈബ് കിട്ടണമെങ്കിൽ നേരിട്ട് വരണം. അത് കൊച്ച് വെളുപ്പാൻക്കാലത്. അങ്ങനെ കാത്തിരുന്ന സ്വപ്നം.
 
പൂവണിഞ്ഞിരിക്കുന്നു. ഉത്രാളി എന്ന് മഹാസ്വപ്നം. ഞങ്ങൾ  സ്വീകരണ കവാടത്തിന്റെ മുന്നിൽ നിന്ന് ആദ്യം ആ നിശബ്ദ അന്തരീക്ഷത്തെ മതിയാവോളം ആസ്വദിച്ചു. റോഡിൽ നിന്നും താഴ്ചയിലാണ് അമ്പലത്തിന്റെ അടയാളം ആയ ആൽത്തറ. അവിടെ നിന്ന് നേരെ നോക്കിയാൽ ഗോപുരവും അതിന്  മുന്നിലെ ആൽ തറയും കാണാം. ആദ്യ  ആൽ തറയിലേക്ക് ഇറങ്ങുവാൻ പടിക്കെട്ടുകൾ ഉണ്ട്.
അപ്പോൾ  ആദ്യം ഞങ്ങൾ അവിടെ ഇരുന്നു. നല്ല 4മണി കാറ്റ് മുഖത്തെ തഴുകി മറയുന്നുണ്ടായിരുന്നു. യാത്രാക്ഷീണം എല്ലാം അപ്പോൾ കാറ്റിൽ പാറി പോയി. പിന്നെ ഗോപുരത്തിന്റെ അവിടേക്ക് നടത്തം തുടങ്ങി. അങ്ങനെ ഞങ്ങൾ സ്വപ്നത്തിൽ എന്ന  പോലെ ലയിച്ചു പോയി. ഗോപുരത്തിൽ പൂരത്തിന്റെ ഭാഗമായി പുഷ്പാലങ്കാരം നടക്കുന്നത് കണ്ടു. ഞാനും ഒരു പൂകച്ചവടക്കാരൻ ആയത് കൊണ്ടും, കോട്ടയം വരെ ക്ഷേത്ര അലങ്കാരങ്ങൾ ചെയ്ത പരിചയം ഉള്ളതുകൊണ്ടും ഞങ്ങൾ അവരോട് സംസാരിച്ചു കൊണ്ട് നിന്നു. പിന്നെ എൽഇഡി  ദീപങ്ങളാൽ തിളങ്ങി നിന്ന രണ്ടു ദേശത്തിൻറെയും അഭിമാനമായ ഗോപുരങ്ങൾ മാറി മാറി വീക്ഷിച്ചു. തുടർച്ചയായി കണ്ടു നിന്നത്  കൊണ്ട് ഞങ്ങളുടെ 3 പേരുടെയും കണ്ണ് പുളിക്കാൻ തുടങ്ങി. അപ്പോഴാണ് അതു ശ്രദ്ധയിൽ പെട്ടത്. എങ്കക്കാട് ദേശത്തിന്റെ ചമയ പ്രദർശനത്തിനായി ക്ഷേത്രത്തിന്റെ ഇടത്തെ ഭാഗത്തായി ചെറിയ ഒരു മണ്ഡപം. ഓർക്കണം കണ്ടതിന്ന് നടുവിലാണ് ഞങ്ങളുടെ നിൽപ്പ്. അതും തണുപ്പുള്ള വെളുപ്പാൻ കാലം. എന്തയാലും വേണ്ടിയില്ലാ കിടന്ന് ഉറങ്ങാൻ തന്നെ തീരുമാനിച്ചു. ഒരു ജോഡി ഡ്രസ്സ്‌ മാത്രം ഉള്ള ആ ബാഗ് ഞങ്ങൾ തലയിണ ആക്കി. എന്നിട്ട് കൈയും കാലുമെല്ലാം ചുരുട്ടാവുന്ന അത്രേം ചുരുട്ടി കിടന്നു. എനിക്ക് ഉറക്കം ഒരു അവസ്ഥയാണ്. ഉറങ്ങിയാൽ പിന്നെ ശവം ആണ്. എന്നാൽ അവന്മാർ ഇടക്ക് എപ്പഴോ എഴുന്നേറ്റ് എങ്കക്കാട് ദേശം പൂരം നടത്തുന്ന ആൽ ചുവട്ടിലേക്ക് പോയി. എന്തായാലും പാടത്തു വെട്ടം അടിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്. വരമ്പിലൂടെ അക്കരെ നിന്നുള്ള ആളുകൾ എന്നെ അതിശയത്തോടെ നോക്കി പോകുന്നു. തീവണ്ടികൾ ചൂളം നീട്ടി വിളിച്ചു കൊണ്ട് പായുന്നു. ഉത്രാളിയുടെ പിൻ ഭാഗത്തു ഉള്ള മലനിരകൾ കോടകളെ പിന്തള്ളി കാഴ്ചയിലേക്ക് വരുന്നു. അതിന് പുറകിലായി കടും ചുവപ്പിൽ ഉത്രാളിയെ ചുട്ടു പഴുപ്പിക്കാൻ ഉള്ള ആവേശത്തിൽ സൂര്യൻ ഉദിച്ചു വരുന്നു. അപ്പോൾ ക്ഷേത്രത്തിൽ ഹരിനാമ കീർത്തനങ്ങളും , കതിന വെടി  വഴിപാടും നടക്കുന്നു. അങ്ങനെ ആ സുദിനം വന്നെത്തി. ഉറക്കം ശെരി ആയില്ലെങ്കിലും ഉള്ളത് ആവട്ടെ എന്ന മട്ടിൽ ഞാൻ എഴുന്നേൽക്കുകയും അവന്മാർ എന്നെ വിളിച്ചു ക്ഷേത്രത്തിന് പുറകിൽ ഉള്ള കുളത്തിലേക്ക് കൊണ്ട് പോയി. അതിനോട് ചേർന്നുള്ള പുതിയ ബാത്ത്റൂം ഉള്ളത് കൊണ്ട് ഓണം പോലെ ആക്കി എല്ലാം നടത്തിയ മട്ടിൽ കുളത്തിലേക്ക് ചാടി. വഴി കച്ചവടക്കാരും മറ്റും കുളക്കടവിൽ കുളിക്കാൻ വരുന്നുണ്ട്. അവരെ ഒക്കെ പരിചയപെട്ടു. എവിടുന്നാ നിങ്ങൾ എന്ന ചോദ്യം ആയിരുന്നു കൂടുതലും . ഞങ്ങൾ കൊല്ലത്തുനിന്ന് എന്ന് പറയുമ്പോൾ ഒരു അഭിമാനം ഒക്കെ തോന്നിയെങ്കിലും ഇവിടെ ഒക്കെ ഉള്ളവർ അല്ലേ ഭാഗ്യവാൻമാർ എന്ന സങ്കടവും ഉണ്ടായി. കുളികഴിഞ്ഞപ്പോൾ ആൽത്തറ ചുവട്ടിലെ  കച്ചവടക്കാരൻ  ആയി നല്ല പരിചയം ആയി. അതുകൊണ്ട്  ബാഗ് അവിടെ 
വെക്കാൻ തീരുമാനിച്ചു. അതു കഴിഞ്ഞ് ഉത്രാളി പരിസരങ്ങൾ കാണാൻ ഇറങ്ങി. അതിന്റെ കൂടെ രാവിലത്തെ ഫുഡ് അടിയും നടന്നു. വഴി അരികിൽ ആയത് കൊണ്ട് ഭക്ഷണം കഴിക്കുമ്പോഴും ആനകൾ വരുന്നത് ഞങ്ങളെ  വേഗത്തിൽ ആക്കാൻ സഹായിച്ചു. അങ്ങനെ ഒരു 8 മണി ഓടെ ഞങ്ങൾ ചാർജ് ആയി. മേളിൽ നിന്ന് ക്ഷേത്രം കാണാൻ ഒരു "ഇജ്ജാതി ഫീൽ" ആണ്. അതിന്റെ കൊറേ ചിത്രങ്ങൾ ഞങ്ങൾ ഉള്ള ഫോണിൽ ഒക്കെ എടുത്തു. അതൊക്കെ ഇപ്പഴും മനോഹര ഓർമ്മകൾ ആണ്. ശേഷം അമ്പലത്തിൽ പോയി. നല്ല തിരക്കായിരുന്നു. ഞങ്ങൾ പുറത്ത് നിന്നാണ് തൊഴുതത്. പിന്നെ ആദ്യം പൂരം കാണാൻ  എങ്കക്കാട് ദേശത്തിന്റെ ഭാഗത്തേക്ക്‌ പോയി.
വെളുപ്പിനെ ഞങ്ങൾ ആനകളെ മിന്നായം പോലെ കണ്ടിരുന്നു എങ്കിലും ഇരുട്ട് ഞങ്ങളെ അങ്ങോട്ട് പോകാൻ അനുവദിച്ചിരുന്നില്ല. എന്തയാലും ആലിൻചുവട് കരിവീരന്മാരാലും കാഴ്ചക്കാരാലും നിറയുന്നു. അതിന്റെ സൈഡിലൂടെ അപ്പുറത്തെ ദേശക്കാർ തൊഴാൻ വരമ്പത്തുകൂടി വരുന്നു. കുട്ടികൾ ആനകളെ കൗതുകത്തോടെ നോക്കുന്നത് കാണാൻ ഒരു രസം തന്നെ ആണ്.അങ്ങനെ ഗജ നിരയിലേക്ക് ഓരോരുത്തർ വരുന്നു.
നിൽക്കുന്നവർ പല പ്രമുഖരാണ്. കുളിപ്പിക്കാൻ ആയി വീപ്പയിൽ വെള്ളം വെച്ചിട്ടുണ്ട്. അതൊരു ഭാഗത്തു കൂടി നടക്കുന്നു. ആശാന്മാർ(പാപ്പാന്മാർ) കഴിഞ്ഞ പൂരത്തിന്റെയും, ആന കഥകളും,  മറ്റും പരസ്പരം പങ്കു വെക്കുന്നു. അത് കേട്ടോണ്ട് ഞങ്ങൾ അവരുടെ കൂടെ പോയി ഇരുന്നു. അതിന്റെ ഇടക്ക് ശല്യമായി തീവണ്ടികളുടെ ഒച്ച. ആനകളുടെ എണ്ണം കൂടുന്നത് ഞങ്ങളിലെ ആവേശം കൂട്ടി. വരടിയം, തെച്ചിക്കോടൻ(അനുജൻ), നായരമ്പലം, സാധു അങ്ങനെ ലിസ്റ്റ് കൂടി. ഇനി വരാൻ ഉള്ളത് നായകൻ ആണ് ... പൂര നായകൻ ....
 
അങ്ങനെ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ചേട്ടൻ ഏൽപിച്ച ധൗത്യം ഭംഗിയായി നിർവഹിക്കാൻ പൊന്നനുജൻ തിരുവമ്പാടി ചന്ദ്രശേഖരൻ ഉത്രാളി പാടത്തെ കീഴടക്കി എങ്കക്കാട് ദേശത്തിന്റെ മുറ്റത്തേക്ക് വന്നു നിന്നു. അങ്ങനെ കാത്തിരുന്ന പൂരം കൊട്ടിക്കേറുവാൻ ഉള്ള സമയം ആകുന്നു. ആളുകൾ നാനാ ദിക്കുകളിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നു. ബാല്യകാല സ്മരണകൾ ഉണർത്തുന്ന സേമിയ ഐസ്കളും, പമ്പരങ്ങളും വഴിയോരങ്ങളിൽ സ്ഥാനം ഉറപ്പിച്ചു. ചൂട് ക്രമാതീതമായി ഉയരുന്നു. അതുകൊണ്ട് തന്നെ കറുത്ത ഇരുണ്ട ഉരുണ്ട ശരീരങ്ങൾ വീപ്പയിൽ നിന്നും വെള്ളം തുമ്പിയിൽ ശേഖരിച്ചു ശരീരം  നനച്ചു കൊണ്ടിരിക്കുന്നു. പൂര പ്രേമികൾ കാഴ്ചകളിലെ സൂക്ഷ്മ ഭംഗികളെ തേടുന്നു. ആനപ്രാന്തന്മാർ വരമ്പത് വെയിലത്തു കുത്തിയിരുന്ന് വരുന്ന ആന താരങ്ങളുടെ ഫോട്ടോസ് പകർത്തുന്നു. ഞങ്ങൾ ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുന്നു എന്നത് മറ്റൊരു കാഴ്ച. അങ്ങനെ 11 ഗജവീരന്മാർ എങ്കക്കാട് ഭാഗത്തു ഒരുങ്ങുവാൻ തുടങ്ങുന്നു. കമ്മറ്റിയിലെ ആണെന്ന് തോന്നുന്നു ഒരു മുതിർന്ന ചേട്ടൻ ആനകളെ അളവിനനുസരിച്ചു നിരയാക്കുന്നു. ദേവീദാസൻ പറ്റാനകളിൽ 2ആമതായി നിൽക്കട്ടെ....  നായരമ്പലം ഇടത്തെ ഭാഗത്തേക്ക്‌ പൊക്കൊളു കേട്ടോ.... രഘുറാം മിന്റെ(മനിശ്ശേരി)കാര്യം നിക്കട്ടെ.... അങ്ങനെ പോയികൊണ്ടിരിക്കെ രഘുറാം മിനെ അഴിച്ച് കൊണ്ട് ആശാൻ നിരയിൽ നിന്ന് ഇറങ്ങി  പോയി. എല്ലാവരും അതിശയത്തോടെ നോക്കി നിന്നു. നിര നിർത്താൻ  ശ്രമിക്കുന്ന ചേട്ടൻ ഹേയ് എങ്ങട്ടാണ്....നിൽക്കു.... എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആശാൻ അതു കേൾക്കാതെ മട്ടിൽ മുന്നോട്ട് നീങ്ങി.... പിന്നെ എന്തൊക്കെയോ പറഞ്ഞു സംഭവം ഒഴിവാക്കിയെങ്കിലും ആന പൂരം എടുത്തില്ല. അങ്ങനെ അധികം നിർത്തിയിരുന്ന ഒരാനയെ നിരയിലേക്ക് കേറ്റി. പാപ്പാന്മാർക്ക് എല്ലാം വേഷ്ടി നൽകി. ഈ സമയം എലിഫൻറ് സ്ക്വാഡ്  ഫിറ്റ്നസ് ചെക്കിങ്  ആയിരുന്നു. എല്ലാം ഒക്കെ ആയി എന്ന സന്ദർഭത്തിൽ കമ്മിറ്റി അംഗങ്ങൾ ഓരോരുത്തരായി ചമയങ്ങൾ, മാലകൾ, കൊലുസുകൾ എല്ലാം ചിട്ടയോടെ ഘട്ടംഘട്ടമായി കൊണ്ടുവരുവാൻ തുടങ്ങി. കനത്ത വെയിലിൽ ഇളം ചൂട് കാറ്റിൽ ആ ശബ്‍ദം കേൾക്കാൻ  വളരെ രസമായിരുന്നു. അങ്ങനെ ഒരുക്കങ്ങൾ ആരംഭിച്ചു. ഫോട്ടോഗ്രാഫർ മാർ  ചിത്രങ്ങൾ പകർത്തുന്നു. ആളുകൾ വന്നു കൊണ്ടിരിക്കുന്നു.  തീവണ്ടികൾ പോകുന്നു. അതിലെ ലോക്കോ പൈലറ്റ് വരെ ആ മനോഹര കാഴ്ചകൾ എത്തിനോക്കിയത് ഞങ്ങളിൽ കൗതുകം ഉണർത്തി. . അങ്ങനെ പൂരവും വേനൽ ചൂടും കനക്കുന്നു. തിടമ്പ് സ്വീകരിക്കുന്ന ആന മുന്നിലായി, വരി വരിയായി ആനകൾ ക്ഷേത്രത്തിലേക്ക് അടുക്കുന്നു. 
കുട, ആലവട്ടം, വെഞ്ചാമരം എന്നിവ എല്ലാം ആനപ്പുറത്തു കേറി. ഇനി ആ വരവ് കാണാനും അതു പകർത്താനും ഉള്ള ആവേശത്തിലായി എല്ലാവരും. വെയിലത്തു തിളങ്ങുന്ന നെറ്റിപ്പട്ടം, അലങ്കാര പന്തലുകൾ,  അതിന് പുറകിൽ ആയി ചീറി പായുന്ന തീവണ്ടികൾ... ആഹാ.... വേറെ എവിടെ ഉണ്ട് ഈ വ്യത്യസ്തമാർന്ന കാഴ്ചകൾ . അങ്ങനെ ചുറ്റമ്പലത്തിന് ഉള്ളിൽ ആനകൾ നിരയായി. പൂര നായകൻ തന്റെ ധൗത്യത്തിനായി വാതിൽ അരികിൽ നിൽക്കുന്നു. ദേശക്കാർ തങ്ങളുടെ ഐശ്വര്യമായ ഉത്രാളി കാവിലമ്മയെ പുഷ്പവൃഷ്ടി നടത്തിയും ആരവങ്ങളാലും സ്വീകരിക്കാൻ കാത്ത് നിൽക്കുന്നു. അത് കാണാൻ ആയി നിരവധി നാനാ ദേശക്കാർ കൗതുകത്തോടെ നോക്കി നിൽക്കുന്നു. വലം ചെണ്ടയുടെ അകമ്പടിയോടെ ദേവി കോലത്തിൽ പുറത്തേക്കു എഴുന്നള്ളുന്നു. തട്ടക ദേശം ആദ്യം നിശബ്ദമായ നിമിഷം. കോലം പുറത്തേക്കു ഏറിയപ്പോൾ കണ്ടത് ഒരു ജനതയുടെ വികാരം ആണ്. തങ്ങളുടെ ഐശ്വര്യ ദേവതയെ എപ്രകാരം ആണ് ഒരു തട്ടകദേശം കാണുന്നത് എന്ന് നമുക്ക്  അതിൽ നിന്ന് മനസിലാക്കാം. ദേവിയും തന്റെ പ്രജകളെ അതേ സ്നേഹത്തോടെ കാണുന്നു. കോലം കേറിയ തൊട്ടടുത്ത നിമിഷം പഞ്ചവാദ്യം ആ ചുറ്റമ്പലത്തിൽ ഉയരുകയാണ്. ആർപ്പുവിളികളാലും , പുഷ്പവൃഷ്ടികളാലും ഉത്രാളി മണ്ണ് പൂരത്തിലേക്ക് ലയിച്ചു തുടങ്ങി. ഞങ്ങളും പൂരാവേശത്തിലേക്ക് പതിയെ വീണു തുടങ്ങി. കാലം മാറുന്നത്  അനുസരിച്ച്  മേളം കൊഴുക്കുന്നു. 
 തോളിൽ ഇട്ടിരുന്ന തോർത്തു ഞങ്ങൾ ആകാശത്തേക്കു ഉയർത്തി കറക്കാൻ തുടങ്ങി. ആഹാ.... പൂരാവേശം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. പക്ഷെ ഞങ്ങളുടെ ആ ആവേശം വർണനാതീതം ആയിരുന്നു. മേളം കലാശതോട് അടുക്കുന്നു. ഞങ്ങളും അതിൽ ആഴ്‍ന്നു പോയി. ഒന്നാമത്‌ കനത്ത ചൂട്. അതിന്റെ  ഇടയിൽ നിന്നുള്ള മേളലയനം. അതിന്റെ ഫലമായി ഷർട്ട്‌ മുഴുവൻ നനഞ്ഞിരുന്നു. വല്ലാണ്ട് കിതക്കുന്നു. എന്തായാലും മേളം മണിക്കൂറുകൾക്ക് ഉള്ളിൽ തീർന്നു. നാലമ്പലത്തിന് പുറത്ത് സേവ സംഘത്തിന്റെ വക മോര് കലക്കിയത് ഉണ്ടായിരുന്നു. അത് മതിയാവോളം കുടിച്ചു. ഈ സമയം പൂരം എങ്കക്കാട് ദേശത്തിന്റെ പന്തൽ ചുവട്ടിലേക്ക് ആയി. അവിടെ ഒരു 10 മിനിറ്റ് മാത്രമേ മേളം ഉണ്ടായിരുന്നുള്ളു. അതും കഴിഞ്ഞതോടെ ആദ്യം ചെറുപൂരം കഴിഞ്ഞു . ഞങ്ങൾ വിയർത്തു  നനഞ്ഞു ഇരിക്കുകയായിരുന്നു. അതുകൊണ്ട് കുളിച്ചു കേറാൻ തീരുമാനിച്ചു. അങ്ങനെ ഉച്ചക്ക് കുളത്തിൽ പോയി ചാടി ...ചാടുന്നതിന് മുന്നേ ഷർട്ട്‌ നനച്ചിട്ടു. കുളിച് കേറിയപ്പോഴേക്കും അതു ഉണങ്ങി കിട്ടി. അപ്പോ ഉത്രാളിയിലെ ചൂട് എത്രമാത്രം ആയിരിക്കും എന്നത് അറിയിക്കാൻ ആണ് ഈ അനുഭവം കൂടി പറഞ്ഞത് ...

ഇനി  കുമരനെല്ലൂർ ദേശത്തിന്റെ വരവാണ്. അതിന് മുന്നേ ഉച്ച ഭക്ഷണം കഴിക്കണം. തുള്ളി തുള്ളി ആരോഗ്യം ഇല്ലാണ്ട് ആയി. അങ്ങനെ മേളിൽ ചെന്ന് രാവിലെ കഴിച്ച കടയിൽ തന്നെ കഴിക്കുവാൻ കേറി. അപ്പോഴക്കും കുമരനെല്ലൂർ ദേശം എത്തി .....
സമയം നട്ടു ഉച്ച. ഊണ് കഴിയുമ്പോഴേക്കും കുമരനെല്ലൂർ ദേശത്തിന്റെ പഞ്ചവാദ്യം ആരംഭിച്ചിരുന്നു. ഉറക്കക്ഷീണം, തുള്ളിയെന്റെ ക്ഷീണം എല്ലാം വെച്ച് കൊണ്ട് പഞ്ചവാദ്യം കാണാൻ ചെന്നെങ്കിലും ശരീരം അതിനു അനുവദിച്ചില്ല. ഉടനെ തന്നെ ഞങ്ങൾ ആദ്യത്തെ ആൽ തറയുടെ ചുവട്ടിലേക്ക് പോയി. ശേഷം ബാഗ് എടുത്ത് പവർ ബാങ്ക്  ഓണാക്കി ഫോൺ ചാർജിങ്നിട്ട് ബാല്യകാല സ്മരണകൾ ഉണർത്തുന്ന കമ്പ് ഐസിലേക്ക്‌ ഞങ്ങൾ ചേക്കേറി. മേളം കനക്കുമ്പോൾ ഞങ്ങൾ ആൽത്തറ ചുവട്ടിൽനിന്ന്  ചുവട് വെച്ചു. ശരീരം മാത്രമേ ആൽ തറയിൽ കിടന്ന് ഉറങ്ങിയുള്ളു. മനസ്സ് മുഴുവൻ അവിടെ ആയിരുന്നു. കിടക്കുന്നതിന് മുൻപ് ഒരു വീഡിയോ ഉത്രാളിയെയും ആൽത്തറയെയും അടിസ്ഥാനമാക്കി   എടുത്തു. അത് അതുപോലെ ടിക് ടോകിൽ പോസ്റ്റ് ചെയ്തിരുന്നു. ഉറക്കം എഴുന്നേറ്റ് ആദ്യം കേറിയത് അതിലായിരുന്നു. ഒരു മണിക്കൂർ കൊണ്ട് 12k ലൈക്ക്സ് 25k വ്യൂസ്...
എന്റെ അക്കൗണ്ടിൽ  ആദ്യമായിരുന്നു ഒരു വീഡിയോ ഇത്രയും റീച് ആകുന്നത്. ഞാൻ ലോകം കീഴടക്കിയ മട്ടിൽ ആ ആൽത്തറയിൽ ഇരുന്ന് ബഹളം വെച്ച് പൂരത്തിന് വന്നവർ എന്നെ കണ്ട് അതിശയിച്ചത് ഇന്നും എന്റെ മുന്നിൽ ഉണ്ട്. കുമരനെല്ലൂർന്റെ മേളം അവസാനിച്ചു കഴിഞ്ഞിരുന്നു. ഉറക്ക ചടവ് മാറ്റാൻ റോഡിനു എതിർ വശത്തുള്ള ചായക്കടയിൽ കേറി. തിരക്കാണ്.... ദേശക്കാർ എല്ലാം വന്നു കൊണ്ടിരിക്കുന്നു. പ്രായം ചെന്നവർ പഴയ പൂരകഥകൾ വിശദീകരിക്കുന്നത് ഞങ്ങൾ  കണ്ടു. 4 കൊല്ലം മുൻപ് എന്നൊക്കെയാ പറയണേ ഞാൻ ശ്രദ്ധിച്ചു. വെടിക്കെട്ടിന്റെ എന്തോ കാര്യം ആണ് പറഞ്ഞിരുന്നത്. കേട്ടിരിക്കാൻ സമയം ഇല്ലാ. വടക്കാഞ്ചേരി ദേശം എത്തുകയാണ്. സത്യം പറഞ്ഞാൽ വടക്കാഞ്ചേരി ദേശത്തിന്റെ ഒരു ചിത്രം ആണ് ഞങ്ങളെ പൂരത്തിന് എത്തിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ , തൃക്കടവൂർ ശിവരാജു , പാമ്പാടി രാജൻ എന്നിവർ എത്തുന്നു എന്ന ഓൺലൈൻ പരസ്യം കണ്ടാണ് ഞങ്ങൾ ഈ  പ്ലാനിലൂടെ എത്തിയത്. ഞങ്ങളുടെ ആനയടിയിൽ രാമൻ എത്തിയപ്പോൾ വൻ സ്വീകരണത്തോടെ ഞങ്ങൾ അവനെ സ്വീകരിച്ചതാണ്. മാത്രല്ല കൊല്ലത്തെ ലാസ്റ്റ് പരുപാടി കഴിഞ്ഞ് മടങ്ങിയപ്പോൾ രാമനെയും രാമരഥത്തെയും കണ്ടതാണ്. എന്നാലും ഇവരെ മൂന്നുപേരെ ഒരുമിച്ച് ഒന്നൂടി കാണണം, രാമനെ വെച്ച് ഒരു വീഡിയോ കൂടി ചെയ്യണം എന്നൊക്കെ ആയിരുന്നു പ്ലാൻ. എല്ലാം തെറ്റിച്ചുകൊണ്ടാണ് ആ വാർത്ത ഞങ്ങളിൽ എത്തിയത്. രാമൻ ഈ തവണ വേല എടുക്കുന്നില്ല എന്ന്. സങ്കടത്തിലായിരുന്ന നിമിഷം പാമ്പാടി രാജൻ നായക വഹിച്ച് വടക്കാഞ്ചേരി ദേശം എത്തി കഴിഞ്ഞു. വടക്കാഞ്ചേരി ദേശക്കാർ എല്ലാം തന്നെ ആവേശത്തിൽ മുന്നിൽ ഉണ്ട്. അങ്ങനെ അവർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും മേളം ആരംഭിക്കുകയും ചെയ്തു. 
അങ്ങനെ ചെറു പൂരങ്ങൾ എല്ലാം തന്നെ വന്നു കഴിഞ്ഞു. ഇനിയാണ് പകൽ പൂരം.... ഓരോ പൂരപ്രേമിയും കണ്ണിമ വെട്ടാതെ നോക്കി നിൽക്കണ്ട പൂരം. കുടമാറ്റം... മേളം.... ദേശക്കാർ എല്ലാം ഒരുങ്ങി കഴിഞ്ഞു. ഞങ്ങൾ ഒരു കുപ്പി വെള്ളവുമായി കണ്ടത്തിലേക്ക് ഇറങ്ങി. ഇനി എല്ലാം കണ്ട് തീർത്തിട്ടേ കേറുന്നുള്ളു എന്ന് തീരുമാനിച്ചു. ഈ സമയം ഇടത്തെ ഭാഗത്തു ആൽ തറയിൽ പകൽ പൂരത്തിനായി ആനകൾ ഒരുങ്ങുന്നു. മേളക്കാർ കൊട്ടി തുടങ്ങുന്നു. ആളുകൾ എത്തി തുടങ്ങുന്നു. ഈ സമയത്തും ചെറു വേലകൾ  പാടങ്ങൾ കടന്നു ക്ഷേത്രത്തിലേക്ക് വരുന്നു.  ഉത്രാളിയെ മൊത്തത്തിൽ അനുഭവിക്കാൻ ആയി ഞങ്ങൾ പുറകിലെ റെയിൽ പാളത്തിലേക്ക് കേറി. ആളുകൾ അപ്പുറത്ത് നിന്ന് വരുന്നത് കണ്ട് ഞങ്ങൾ അതിശയിച്ചു. എന്നാൽ പോലീസുകാർ ഞങ്ങളോട് താഴെ ഇറങ്ങുവാൻ പറഞ്ഞു.  എന്നാൽ അവിടെ നിന്ന് പൂരം കാണാൻ ഒരു പ്രത്യേക ഭംഗി ആണ് .ഗജ നിരയുടെ നിൽപ്പും വെഞ്ചാമരം വീശലും  വൈവിദ്ധ്യം തോന്നിക്കുന്ന ഒരു കാഴ്ച ആയിരുന്നു. എന്നാൽ നമ്മൾ ആയി ഒരു ദുരന്തം വരുത്തരുത് എന്നത് കൊണ്ട്  മനസ്സില്ല മനസ്സോടെ താഴെ ഇറങ്ങി. 
എങ്കിലും പൂരം ആസ്വദിക്കാൻ തന്നെ നിന്നു. ഇനി മേളം ഒരു അകമ്പടി മാത്രമാണ്. ഇനി എല്ലാ കണ്ണുകളും ആന പുറങ്ങളിലേക്ക് ആണ്. അപ്പോഴും നീട്ടിയുള്ള ചൂളം വിളികളുമായി തീവണ്ടികൾ പോകുന്നുണ്ടായിരുന്നു. ആ നീട്ടിവിളിയുടെ കാര്യം ഇപ്പഴാണ് പിടി കിട്ടിയത്. യാത്രക്കാർ കാഴ്ചക്കാർ ആകുന്ന ദൃശ്യം തീവണ്ടികളിൽ നിന്ന് വ്യക്തമായിരുന്നു. ഞങ്ങൾ അത് കണ്ട് അതിശയിച്ചു. ട്രെയിൻലെ പെടലികൾ എല്ലാം ഒരേ ദിശയിലേക്ക് .....

ഇനിയാണ് കുടമാറ്റം .....

പടിഞ്ഞാറു സൂര്യൻ അസ്തമയ നേരത്തിനു കാത്തിരിക്കുന്നു. പൂരം അതിന്റെ  ആവേശത്തിലേക്ക് ….. ഉത്രാളി അതിൽ ലയിച്ചു കൊണ്ടിരിക്കുന്നു. കുടമാറ്റം ആകുമ്പോഴേക്കും എങ്കക്കാട് – കുമരനെല്ലൂർ ദേശം അവരവരുടെ അലങ്കാര പന്തലുകൾക്ക് കീഴിൽ അണിനിരക്കും. 
 
അപ്പോഴും വടക്കാഞ്ചേരി ദേശം നിന്ന സ്ഥലത്തു നിന്നു  തന്നെ പൂരം കൊട്ടി കേറും. ആദ്യം മറ്റു രണ്ട് ദേശക്കാരും പ്രത്യക്ഷത്തിൽ നേർക്കുനേർ ആണ്. എന്നാൽ കുടമാറ്റം ആകുമ്പോൾ എങ്കക്കാട് ന് എതിരായി ആണ് വടക്കാഞ്ചേരി മാറുക. അപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങി കൂടുന്നത് അവിടെ ആണ്. പൂര പ്രേമികൾ ഏറ്റവും കൂടുതൽ  പെടുന്നത് ഈ സാഹചര്യത്തിൽ ആണ്. കാരണം ഏതു ഭാഗത്തോട്ട് നോക്കണം എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഒരാൾ ഒരു കരു നീക്കി കഴിഞ്ഞാൽ അടുത്ത ആൾ കരു നീക്കാൻ കാത്തിരിക്കും . എന്നാൽ ഇവിടെ അങ്ങനെ അല്ലാ. അടുത്ത കരു മറ്റേ വ്യക്തി ഇറക്കുമ്പോൾ തന്നെ കൂടെ ഇറക്കും. അത്  ആശയ കുഴപ്പം up ഉണ്ടാക്കും. ചുരുക്കത്തിൽ ഏതു ദേശക്കാർ ആണ് മുന്നിൽ എന്ന് പറയുക ഒരു കാണിക്ക് നിശ്ചയിക്കാൻ കഴിയില്ല. ഏറ്റവും കൂടുതൽ പേർ നിൽക്കുന്നത് വടക്കാഞ്ചേരി-എങ്കക്കാട് ദേശത്തിന്റെ ഇടയിൽ ആണെങ്കിലും അപ്പുറത്ത് ഒറ്റക്ക് നിന്ന് ജയിച്ചു കേറുവാൻ കുമരനെല്ലൂർ ദേശവും ശ്രമം നടത്തുന്നു. ശരിക്കും പറഞ്ഞാൽ നമ്മൾ ക്ഷമയുടെ നെല്ലി പടി കാണുമെന്നു സാരം. വൈവിധ്യമാർന്ന വർണ്ണാഭമായ കുടകൾ ഓരോ ദേശക്കാരും ഞൊടി ഇടയിൽ ആണ് മാറ്റുന്നത്. കൂടെ മേളവും വെഞ്ചാമരം വീശലും. പോരേ.... ഉത്രാളി ആവേശത്തിൽ നിറഞ്ഞു ആടുവാൻ ഇതിൽ കൂടുതൽ എന്ത് വേണം.  

അസ്തമയ സൂര്യന്റെ പ്രകാശത്താൽ നെറ്റിപട്ടം വെട്ടി തിളങ്ങുന്നു. നീട്ടി ചൂളം വിളിച്ചു തീവണ്ടികൾ പായുന്നു. വേല കണ്ട് മതിമറന്നു സൂര്യൻ ആഴിയിലേക്ക് താഴ്ന്നു കൊണ്ടിരുന്നു. മേളം കലാശകൊട്ടിലായി. വർണ്ണ കുടകൾ വാനിൽ മാറി മാറി ഉയർന്നു. വടക്കാഞ്ചേരി ദേശം മുന്നോട്ട് മുന്നോട്ട് നീങ്ങി നീങ്ങി പൂരം അവസാനിപ്പിച്ചിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. വേലകൾ എല്ലാം എത്തി ചേർന്ന്,കോലം എടുത്ത മൂന്നു ആനകൾ ഒഴികെ ബാക്കി എല്ലാം ഒരേ നിരയിലേക്ക് നിരന്നു. കോലം എടുത്ത നായകന്മാർ ക്ഷേത്രത്തെ വലം വെച്ച് പുറത്തേക്ക് എഴുന്നള്ളിക്കാൻ  തയാറായി നിൽക്കുന്നു ...

ഇനിയാണ് ഒരു വർഷത്തെ പൂരത്തിന്റെ കൊട്ടി കലാശം. ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ചടങ്ങിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിയത്. കുത്ത് വിളക്കിൽ നിന്ന് തീവട്ടിയിലേക്ക് കാര്യങ്ങൾ മാറി. ഇനി കൂട്ടി എഴുന്നള്ളിപ്പ്  ആണ്. 3 ദേശത്തിന്റെ 11 ആനകളിൽ 10 ആനകൾ വീതം നിരന്നു ..ഇനി എത്തേണ്ടത് കോലം വഹിക്കുന്ന ആനകൾ ആണ്. അങ്ങനെ മൊത്തം 33 ആനകൾ കണ്ടതിൽ നിൽക്കും. കണ്ണ് കുളിർപ്പിക്കുന്ന കാഴ്ച ആണ്. ആവേശം ആർപ്പ് വിളികൾ ആയി പുറത്തേക്കു പ്രവഹിക്കും. അങ്ങനെ ഓരോ ദേശത്തിന്റെ ആനകൾ വരവ് തുടങ്ങും. പൂരം നടത്തിയതനുസരിച്ച്‌ ആണ് എത്തുക. ആദ്യം എങ്കക്കാട്.... പിന്നെ വടക്കാഞ്ചേരി ദേശം..... അവസാനം കുമരനെല്ലൂർ ദേശം. ഓരോ ആനകൾ വരുമ്പോൾ പാടങ്ങൾ ആവേശത്തിൽ ആറടും. രോമകൂപങ്ങൾ  എഴുന്നേറ്റു നിൽക്കുന്ന സമയം. ആ സമയം തട്ടക ദേശം മുഴുവൻ അവിടെ ഉണ്ടാകും. എല്ലാവരും ഒരുമിച്ചു നിന്നു ആവേശം കൊണ്ടത് ഉത്രാളിയിൽ ചെന്നിട്ട് കണ്ടത് ആദ്യമായിരുന്നു. സന്തോഷം അതിലേറെ അഭിമാനവും തോന്നിയ നിമിഷം. ആനകൾ തങ്ങളുടെ ഉയരപെരുമ മതി ആവോളം കാണിച്ചു. അങ്ങനെ പൂരത്തിന് സമാപനം ആകുകയാണ്. ഇനി ആണ് കൊട്ടി കലാശം ആയ വെടികെട്ടു. ഒരുപാട് നിയമ സംരക്ഷണത്തിൽ ആണ് വെടിക്കെട്ട്. മുഴുവൻ കാണാൻ പറ്റിയില്ല. വടക്കാഞ്ചേരി  ദേശത്തോട് ഒപ്പം ഞങ്ങൾ ഉത്രാളിയിൽ നിന്ന് മടങ്ങുകയായി. ദേവിയെ കണ്ട് വണങ്ങി അടുത്ത കൊല്ലവും എന്തായാലും എത്തും എന്ന് ഉറപ്പ് നൽകി ഞങ്ങൾ അവിടെ നിന്ന് തിരിച്ചു ...ലാസ്റ്റ്  വണ്ടി 8.45 ആണ്. അതുകൊണ്ടാണ് ഞങ്ങൾ മടക്കം തുടങ്ങിയത്.

അങ്ങനെ ഒരു യുഗം മൊത്തോം ഓർത്തു മയങ്ങിയപ്പോൾ ആണ്  വടക്കാഞ്ചേരി എത്തിയെന്നു പറഞ്ഞു  കൂട്ടുകാരൻ വിളിക്കുന്നത് ....


ഓർമയിലെ ഉത്രാളിയെ അയവിറക്കി ഞങ്ങൾ അടുത്ത പൂരത്തിനായി എത്തിയിരിക്കുന്നു ......🖤

Comments

Post a Comment

Popular posts from this blog

കുമരനെല്ലൂർ ദേശം നോട്ടീസ്  2026

 

എങ്കക്കാട് ദേശം നോട്ടീസ് 2026

 

ഉത്രാളിക്കാവ് പൂരം 2025 കുമരനെല്ലൂർ ദേശം നോട്ടീസ്

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം 2025 വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ  ദേശത്തിന്റെ 2025-ാം വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.വടക്കാഞ്ചേരി നഗരസഭ  ചെയർമാൻ ശ്രീ പി. എൻ. സുരേന്ദ്രരൻ ഭദ്രദീപം തെളിയിച്ച്  പൂരം ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രശസ്ത കവിയും ഗാന രചയിതവുമായ ശ്രീ ആർ. കെ. ദാമോദരൻ  ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് -  പെസോ (റിട്ട) ഡോ.ആർ. വേണുഗോപാലിനു ആദ്യ കോപ്പി നൽകികൊണ്ട് 2025ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്‌ എ. കെ.  സതീഷ്കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി. സുരേഷ് കുമാർ, ഡോ. പി.എസ് മോഹൻദാസ്,   പി. വേണുഗോപാൽ, വാസുദേവൻ കയറാട്ട്, കെ. ആർ.രമേശ്‌, വിജയൻ പുണോത്ത്, പി പ്രസാദ്, ഹരിദാസ് കയറാട്ട്,വി ശ്രീധരൻ, രാഹുൽ ഓലശ്ശേരി വിവിധ ദേശങ്ങളെ  പ്രതിനിധികരിച്ചുകൊണ്ട് സി. എ. ശങ്കരൻകുട...